പാണ്ടിക്കാട്: വീട്ടിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിൽ പർദ ധരിച്ചെത്തി ആക്രമണം നടത്തുകയും ആറ് പവന്റെ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്ന കേസിലാണ് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
ഡിസംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ഇതുവരെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ വൈകീട്ട് 5.30ഓടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
കോഴിക്കോട് ബേപ്പൂർ സ്വദേശി കെ.വി. അനീഷ് (26), കല്ലായി സ്വദേശി ചക്കക്കടവ് അബ്ദുൾ റാഷിഖ് (41), പന്തീരങ്കാവ് സ്വദേശി കൊല്ലക്കാരൻ നിജാസ് (40), കൊയിലാണ്ടി സ്വദേശി കാളക്കാടി മുഹമ്മദ് ആരിഫ് (36), മാറാട് സ്വദേശി ക്ലായി മുഹമ്മദ് ഷെഫീർ (35) എന്നിവരാണ് വീട്ടിൽ കയറി വീട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും അനീഷിനെ പിടികൂടുകയുമായിരുന്നു.
അനീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രകരായ കോഴിക്കോട് പൊക്കുന്ന് സ്വദേശി വി.ടി. അബ്ദുൾ റൗഫ് (40), മഞ്ചേരി പുല്ലാര സ്വദേശികളായ പാങ്ങോട്ടിൽ ഉമ്മർ (49), കൊണ്ടോട്ടി പറന്പിൽ സവാദ് (32), മന്പാട് സ്വദേശി കന്പളത്ത് മുഹമ്മദ് ഷിഹാൻ (21), ഒടായിക്കൽ സ്വദേശി പനയംതൊടിക അഫിൻ (21) എന്നിവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.
ശുചിമുറിക്ക് മുകളിൽ പണമുണ്ടെന്ന നിഗമനത്തിലായിരുന്നു കവർച്ചാനീക്കം. ഇത്തരം കാര്യങ്ങൾ പ്രതികൾ പോലീസിനോട് വിശദീകരിച്ചു. എന്നാൽ കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. പ്രകാശൻ, അശ്വിത്ത് എസ്. കരണ്മയിൽ, വി. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.